2013, ഡിസംബർ 8, ഞായറാഴ്‌ച

ഞാനും അവളും

 

ഞാന്‍ അവളോട്‌ ചോദിച്ചു " നമുക്ക് ഗണ ഗോത്ര വ്യവസ്ഥിതിയുടെ തലങ്ങളിലേക്ക് തിരിച്ചു പോയാലോ ?"
" എന്തിന് ?"
ഞാന്‍ പറഞ്ഞു " മനുഷ്യനെ തരം തിരിക്കുന്ന ചിന്തകളില്‍ നിന്ന് നമുക്ക് മോക്ഷമാവും "
ഒരു തമാശ കേട്ടതുപോലെ അവള്‍ ചിരിച്ചു.  പിന്നെ പറഞ്ഞു " വ്യവസായ വിപ്ലവവും കാര്‍ഷിക വിപ്ലവവുമൊക്കെ നടന്ന കാലമാണിതെന്ന് മറന്നുവോ നീ "
ഞാന്‍ പറഞ്ഞു " വ്യവസ്ഥിതിയും സംസ്കാരവുമൊക്കെയല്ലേ മാറിയിട്ടുളൂ. മണ്ണും മനവും പഴയത് തന്നെയല്ലേ ?"
"എനിക്ക് വയ്യ "
"അപ്പോള്‍ നമ്മുടെ സ്നേഹം ?"
"അത് നിലനില്‍ക്കുന്നുണ്ടല്ലോ ഇപ്പോഴും " അവള്‍ക്കു സംശയമില്ല.
"ശരിതന്നെ." ഞാന്‍ പറഞ്ഞു: " ഈ സായാഹ്ന്നത്തില്‍ നമ്മുടെ സ്നേഹത്തിനു അര്‍ത്ഥവും മനോഹാരിതയുമുണ്ട്.  എന്നാല്‍ രാത്രി വന്നെത്തുമ്പോള്‍, രാത്രി അവസാനിച്ചു പ്രഭാത മെത്തുമ്പോള്‍ നാം അകന്നു പോയാലോ ? രണ്ടു മതക്കാരുടെ പ്രണയത്തെ സമൂഹം എങ്ങനെ കാണുന്നുവെന്ന് ഞാന്‍ നിനക്ക് പറഞ്ഞു തരേണ്ടത് ഇല്ലല്ലോ"
നിശബ്ദത ഞങ്ങള്‍ക്കിടയില്‍ ഇഴഞ്ഞു.
"അപ്പോള്‍ എന്താ ചെയ്യുക " അവള്‍ ചോദിച്ചു 
"മടങ്ങുക തന്നെ"
"എങ്ങോട്ട് ?"
"ഞാന്‍ പറഞ്ഞില്ലേ. പഴമയിലേക്ക്. വര്‍ഷങ്ങളോളം പിറകിലേക്ക് സഞ്ചരിക്കാം നമുക്ക്.  ഗണ ഗോത്ര വ്യവസ്ഥിതിയില്‍ ഒന്നിനും വിലക്കുകളില്ല"
"അത് എളുപ്പമാണോ ?" അവള്‍ പുരികമുയര്‍ത്തി 
"പിന്നെ ! ഏത്രയോ പ്രകഷവര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള നക്ഷത്ര സമൂഹത്തിലേക്കു എളുപ്പത്തില്‍ സഞ്ചരിക്കാന്‍ നമുക്ക് കഴിയുന്നില്ലേ? അതുപോലെ മനസ്സുകൊണ്ട് ഒരു മടക്ക യാത്ര. മാനവന്റെ ഭൂതകാലം ആന്ത്രോപോളോജി പഠിക്കുന്ന നമുക്ക് അന്യമല്ലല്ലോ "
അവള്‍ എന്തോ ആലോചിച്ചിരുന്നു.  അവളുടെ മനസ്സിലൂടെ ഓടി മറയുന്ന വര്‍ഷങ്ങള്‍ എനിക്ക് അവളുടെ കണ്ണുകളില്‍ വായിക്കാം. കാലത്തിന്റെ വ്യതിസ്ഥ തുരുതുകളിലൂടെ ഉള്ള യാത്രക്ക് ശേഷം അവളുടെ ചുണ്ടില്‍ നേര്‍ത്ത ചിരി പരന്നു.
"എന്തെ ?"
"എനിക്ക് നാണം തോന്നുന്നു."
"എന്തിനു ?"
"പഴയ വ്യവസ്ഥിതിയുടെ കാര്യം അറിയാമല്ലോ. അവിടെ കഴിയുമ്പോള്‍ എനിക്ക് ഒരുപാട് പുരുഷന്മാരുമായി ബന്ധപ്പെടെണ്ടിവരും. നിനക്ക് ഒരുപാട് സ്ത്രികളായും."
"അതിനെന്താ ?"
"നാണം തോന്നില്ലേ ?
"എന്തിനു ? ഈ വ്യവസായ യുഗത്തില്‍ ഇരുന്നു ചിന്തിക്കുന്നത് കൊണ്ടാണ് എങ്ങനെ തോന്നുന്നത്.  പഴമയിലേക്ക് സഞ്ചാരം തുടങ്ങിയാല്‍ പിന്നെ ഒന്നും തോന്നില്ല"
"എന്നാല്‍ അങ്ങോട്ട്‌ മടങ്ങിയാലോ?" അവള്‍ ചോദിച്ചു.
"മടങ്ങാം. വിലക്കുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് നമുക്ക് ഇതിനെക്കാള്‍ കൂടുതലായി സ്നേഹിക്കാനും കഴിയും."

ഇപ്പോള്‍ ഞങ്ങള്‍ക്ക് പഴയ കാലത്തെ കേള്‍ക്കാം. അതിരുകളില്ലാത്ത മാനവികതയുടെ മഹാസമതലങ്ങള്‍ കാണാം.

ഇപ്പോള്‍ ഞങ്ങള്‍ ആഹ്ലാദത്തിന്റെ യാത്രയിലാണ്. 
ഞാനും അവളും ....

2 അഭിപ്രായങ്ങൾ: