2013, ഡിസംബർ 9, തിങ്കളാഴ്‌ച

ബൌദ്ധം


പരിത്യാഗത്തിലൂടെ 
ബോധീതലത്തിലേക്കുള്ള പ്രയാണം 
സ്വപ്നങ്ങളുടെ 
ചിതയില്‍ നിന്നായിരുന്നല്ലോ.

തിരസ്കാരത്തിന്റെ 
ഓരോ ചുവടിലും 
മറവിയായത് 
ഇന്ദ്രിയാധിഷ്ടിതമായ പ്രപഞ്ചം 
രാജഭോഗങ്ങള്‍ 
പഞ്ചമാഹാ ദുഃഖങ്ങള്‍ 
അഷ്ട്ടദിക്കുകളെ കുറിച്ചോതിയ വാക്കുകള്‍
പിന്നെ,
സുഗന്ധ തൈലം പോലെയുള്ള യശോദര.
പൂമൊട്ടിന്റെ 
മന്ദസ്മിതം ചൂടിയ രാഹുല്‍.

ഈ ദൈവമരത്തിലൂടെ 
ഊര്‍ന്നിറങ്ങിപ്പോയ 
നിശ്ശബ്ദരാപ്പകലുകളില്‍ 
സിദ്ധാര്‍ത്ഥനില്‍ നിന്ന് 
ബുദ്ധനിലേക്കുള്ള ദൂരം
അളന്നെടുക്കാം.

എന്നിട്ടും ഇരുളില്‍ ഒരു സ്ത്രിയുടെ 
കനല്‍ പോലുള്ള തേങ്ങല്‍ 
മുറിഞ്ഞുവീണപ്പോള്‍ 
മുന്നിലെങ്ങനെ യശോദരയുടെ
മുഖം തെളിഞ്ഞു ?
രതിയരിഞ്ഞ രാവുണര്‍ന്നു ?
സാന്ധ്യാ നക്ഷത്രത്തിന്റെ 
തിളക്കമുള്ള 
ഉണ്ണിയുടെ ചിരിയറിഞ്ഞു  ?

പതിയുടെയും 
അച്ഛന്റെയും 
ഓര്‍മകളില്‍ നിന്ന് 
മോചനമില്ലെന്ന് 
മനസ്സിലിരുന്നു 
മന്ത്രിക്കുന്നത് 
ആരാണ് ദൈവങ്ങളെ ?

3 അഭിപ്രായങ്ങൾ:

  1. ചേട്ടാ..നന്നായിട്ടുണ്ട്..!

    മറുപടിഇല്ലാതാക്കൂ
  2. പതിയുടെയും
    അച്ഛന്റെയും
    ഓര്‍മകളില്‍ നിന്ന്
    മോചനമില്ലെന്ന്
    മനസ്സിലിരുന്നു
    മന്ത്രിക്കുന്നത്
    ആരാണ് ദൈവങ്ങളെ ? കൊള്ളാം ..

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം ഉപേക്ഷിച്ചു പോയ ബുദ്ധ ഭഗവാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവാം.....ഈ കാഴ്ച്ചപ്പാട് നന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ